മേച്ചേരി ലൂയിസിന്റെയും മാത്തിരിയുടെയും മകനായി 1955 സെപ്റ്റംബർ 13-ന് തൃശൂർ ജില്ലയിലെ ഒല്ലൂരിലാണ് ഔസേപ്പച്ചൻ ജനിച്ചത്. ചെറുപ്പം മുതൽ തന്നെ സംഗീതത്തോടു കമ്പം ഉണ്ടായിരുന്നു. ഒല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.കോം. ബിരുദവിദ്യാഭ്യാസവും പൂർത്തിയാക്കി. പിന്നീട് തൃശൂരിലെ അന്നത്തെ പ്രമുഖ സംഗീതകൂട്ടായ്മയായിരുന്ന വോയ്സ് ഓഫ് തൃശൂരിന്റെ വാദ്യവൃന്ദത്തിൽ അദ്ദേഹം വയലിനിസ്റ്റായി പ്രവർത്തിച്ചു. ഒരു വയലിനിസ്റ്റായി പേരെടുത്ത ശേഷം അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി. ഈണം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതായിരുന്നു ചലച്ചിത്രരംഗത്തെ ആദ്യ ചുവടു വെയ്പ്. ഭരതൻ നിർമ്മിച്ച് സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിൽ ഒരു വയലിനിസ്റ്റിന്റെ റോൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് 1985-ൽ ഭരതന്റെ തന്നെ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ചിത്രത്തിൽ നായകനായി അഭിനയിച്ച മമ്മൂട്ടി ഒരു വയലിനിസ്റ്റിന്റെ വേഷമായിരുന്നു ചെയ്തത്.
ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിന് 1987-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2007-ലെ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരവും നേടി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത “ഒരേ കടൽ” എന്ന ചിത്രത്തിലെ ഈണത്തിനാണ് ഈ പുരസ്കാരം.
ഒരു ഹിന്ദി ചിത്രമടക്കം നൂറിൽപ്പരം ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം പകർന്ന അദ്ദേഹം “ഐഡിയ സ്റ്റാർ സിംഗർ 2008” എന്ന ടെലിവിഷൻ പരിപാടിയുടെ വിധികർത്താക്കളിൽ ഒരാളുമായിരുന്നു. 2011-ൽ പുറത്തിറങ്ങിയ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടി അദ്ദേഹം ഈണം പകർന്ന മൂന്ന് ഗാനങ്ങൾ മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു