ദില്ലി: നാഗാലാൻഡിൽ സുരക്ഷാ സേന 12 ഗ്രാമീണരെ വെടിവെച്ച് കൊന്നു. നാഗാലാൻഡിലെ മോൺ ജില്ലയിലാണ് സംഭവം. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. 2 ഗ്രാമീണർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
മോൻ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം. വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കിൽ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളെയാണ് സുരക്ഷാസേന വെടിവെച്ച് കൊന്നത്. തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിർത്തത്. ഗ്രാമീണർ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സുരക്ഷാ സേനയുടെ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. പ്രതിഷേധം ശമിപ്പിക്കാൻ പൊലീസ് വെടിയുതിർത്തതായും വിവരമുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആവശ്യപ്പെട്ടു. ഗ്രാമീണർക്കെതിരായ സുരക്ഷാസേനയുടെ ആക്രമങ്ങളിൽ രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുകയാണ്.