തിരുവല്ല: സിപിഎം നേതാവ് സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്രമണത്തിന് പിന്നിൽ ബിജെപി ആർഎസ്എസ് നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവല്ലയിൽ കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. സമാധാനത്തിന്റെ പാതയാണ് സിപിഎം പിന്തുടരുന്നത്. അക്രമികൾക്കെതിരേ ജനങ്ങളെ അണിനിരത്തും. അക്രമികളെ പൊതുജനം ഒറ്റപ്പെടുത്തണം. പ്രവർത്തകരെ കൊന്നുതള്ളി സിപിഎമ്മിനെ ഇല്ലാതാക്കാമെന്ന് ആർഎസ്എസും ബിജെപിയും കരുതേണ്ട. ആക്രമ പാതയിൽ നിന്ന് ആർഎസ്എസ് പിന്തിരിയണം. സമാധാനപാതയിലാണ് സിപിഎം. സമാധാന നിലപാട് ഞങ്ങളുടെ ദൗർബല്യമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപിന്റെ കുടുംബത്തിനൊപ്പം പാർട്ടിയുണ്ടാകും. സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യക്ക് സ്ഥിരം ജോലി ഉറപ്പാക്കും. കുട്ടികളുടെ പഠിത്തവും സിപിഎം ജില്ലാ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Copyright (c) 2019 by Jegtheme.