എറണാകുളം കേന്ദ്രീകരിച്ച് സെക്‌സ് മാഫിയയും ലഹരിമാഫിയയും സജീവമാകുകയാണ്. നിരവധി കേസുകളാണ് കഴിഞ്ഞ 6 മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലഹരിവസ്തുക്കളുടെ ഉപഭോഗം സ്‌കൂൾ കുട്ടികളിലുൾപ്പെടെ വർദ്ധിക്കുന്നത് ഭയാശങ്കകളോടെയാണ് നോക്കികാണേണ്ടത്. എം.ഡി.എം.ഐ. ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എറണാകുളത്ത് സുലഭമായി ലഭിക്കുന്നുണ്ട്. ഒപ്പം നീലചിത്ര നിർമ്മാണവും സെക്‌സ് മാഫിയയുടെ ചൂഷണങ്ങളും വർദ്ധിക്കുകയാണ്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പെൺകുട്ടികളാണ് ഈ മാഫിയയുടെ വലയിൽ അകപ്പെട്ട് കഴിഞ്ഞിരിക്കുന്നത്. സ്‌കൂൾ കുട്ടികളുമായി ചെന്നാൽപ്പോലും ഹോട്ടൽ റൂം ലഭ്യമാകുമെന്ന അവസ്ഥയാണ് എറണാകുളത്ത്. നാളുകൾക്ക് മുമ്പ് ഹോട്ടൽ റൂമിൽ ലൈംഗികബബന്ധത്തിനിടെ പെൺകുട്ടി ചോരവാർന്ന് കൊല്ലപ്പെട്ടത് വിവാദമായിരുന്നു. അതിനു ശേഷം പരിശോധനകൾ ഉണ്ടായെങ്കിലും ഇപ്പോൾ പരിശോധനകളെല്ലാം നിലച്ച മട്ടാണ്. തോന്നുംപടിയാണ് ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും പ്രവർത്തനം. ഇതിനോടകം നിരവധി പെൺകുട്ടികൾ ആത്മഹത്യ ചെയ്തു. ഇതിൽ പലരും ലൈംഗികചൂഷണത്തിന് വിധേയരാക്കപ്പെട്ടിരിന്നു. പ്രായപൂർത്തിയാകാത്തതുൾപ്പെടെ നിരവധി പെൺകുട്ടികളാണ് ചൂഷണത്തിന് വിധേയമാക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ പ്രണയം നടിച്ചാണ് പെൺകുട്ടികളെ ഇവർ വലയിലാക്കുന്നത്. പെൺകുട്ടികൾ തന്നെ അഡ്മിനുകളായ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെയാണ് സെക്‌സ് മാഫിയ വല വിരിക്കുന്നത്.
ലഹരി – സെക്‌സ് മാഫിയകളെ അമർച്ച ചെയ്യാൻ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തണമെന്നും സിസിടിവി ക്യാമറകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.